പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്: അന്വേഷണം ഊര്‍ജിതമാക്കി
Wednesday, October 16, 2024 7:53 PM IST
കോട്ടയം: പുതുപ്പള്ളിയിൽ തൊട്ടിലില്‍ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ നാടോടി സ്ത്രീ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാവിലെ 10.45ന് പുതുപ്പള്ളി അങ്ങാടി പട്ടമഠത്തില്കുന്നേല് പി.ബി.സുധീഷ് - ഗീതു ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
തൊട്ടിലില്‍നിന്നും നാടോടി സ്ത്രീ എടുത്തുകൊണ്ടു പോയ കുഞ്ഞിനെ അമ്മ പിന്നാലെ ഓടിയെത്തി തിരികെ വാങ്ങുകയായിരുന്നു. ഈ സമയം നാടോടി സ്ത്രീ ഗീതുവിനെ അക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് പുതുപ്പള്ളിയിലെ ഇടറോഡുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്ന് നാടോടി സ്ത്രീകളെ പോലീസ് പിടികൂടിയെങ്കിലും പീന്നിട് വിട്ടയച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ആരുടെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഗീതുവും സുധീഷിന്റെ രോഗിയായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വാതില്‍ പുറത്തുനിന്നും കുറ്റിയിട്ടശേഷം അമ്മ ഗീതു ശുചിമുറിയില്‍പോയ സമയത്ത് അകത്തുകയറിയ നാടോടി സ്ത്രീ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ആരോ പുറത്തേക്ക് ഇറങ്ങിപോകുന്ന ശബ്ദവും കേട്ടു ശുചിമുറിയില്‍നിന്നും പുറത്തിറങ്ങിയ ഗീതു വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു.
ഉടന്‍ വീടിനുള്ളില്‍ കയറി തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ നോക്കിയെങ്കിലും കണ്ടില്ല. ഓടി പുറത്തിറങ്ങിയപ്പോള്‍ ചുരിദാര്‍ ധരിച്ച സ്ത്രീ കുഞ്ഞുമായി പോകുന്നതു കാണുകയായിരുന്നു. പുതുപ്പള്ളി പള്ളി-പാലൂര്‍പടി റോഡില്‍ ചപ്പാത്ത് ഭാഗത്തേക്ക് ഓടിയ ഗീതു കുഞ്ഞിനെ നാടോടി സ്ത്രീയുടെ കൈയില്‍നിന്നും പിടിച്ചുവാങ്ങി. ഈ സമയം ഗീതുവിനെ ആക്രമിച്ച നാടോടി സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു.
പീന്നിടാണു തടിക്കല്‍ ആയൂര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ ഭര്‍ത്താവ് സുധീഷ് എത്തി പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രണ്ട് നാടോടി സ്ത്രീകള്‍ ആക്രിസാധനങ്ങള്‍ വില്‍ക്കാനുണ്ടോയെന്ന് അന്വേഷിച്ചു വീട്ടിലെത്തിയിരുന്നു. ഈ സ്ത്രീകളെ ചൊവ്വാഴ്ച രാവിലെയും വീടിനുസമീപത്ത് കണ്ടതായി സുധീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.