ഡോ. സരിൻ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെ: രാഹുൽ മാങ്കൂട്ടത്തിൽ
Wednesday, October 16, 2024 1:42 PM IST
തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ. പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ.
ഡോ. സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ പറഞ്ഞു. നല്ല പ്രത്യയശാസ്ത്ര വ്യക്തത ഉള്ളയാളാണ് അദ്ദേഹം. അദ്ദേഹത്തെ സര്‍ട്ടിഫൈ ചെയ്യാന്‍ താന്‍ ആളല്ലെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
സരിന്റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി നൽകുന്നില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. പാലക്കാട്ട് രാഹുല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആന്റണി പറഞ്ഞു.
നേരത്തെ, രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരേ പരസ്യമായി വിമർശനമുന്നയിച്ച് ഡോ. പി. സരിൻ രംഗത്തെത്തിയിരുന്നു. പാലക്കാട്ട് ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്ണയമുണ്ടാകണം. സ്ഥാനാര്‍ഥിത്വം പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചു.