എഡിഎമ്മിന്റെ മരണം: പി.പി. ദിവ്യക്കെതിരായ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
Wednesday, October 16, 2024 1:07 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരായ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തി അഴിമതി ആരോപണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വ. വി. ദേവദാസ് പരാതി നല്‍കിയത്. നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതയ്ക്ക് ജോലിയും നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.