ഹിന്ദിയും ഇംഗ്ലീഷും വിട്ടു; മലയാളം പറഞ്ഞ് ഓൺലൈൻ തട്ടിപ്പുസംഘം
Tuesday, October 15, 2024 8:19 PM IST
കണ്ണൂർ: ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചുള്ള ഓൺലൈൻ തട്ടിപ്പ് മലയാളികൾക്കിടയിൽ പഴയ പോല ഫലിക്കുന്നില്ലെന്ന് കണ്ടതോടെ സംഭാഷണം മലയാളത്തിലാക്കി വല വിരിച്ച് തട്ടിപ്പ് സംഘം. നേരത്തെ ഫോണിൽ വിളിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസാണ്, സിബിഐയാണ് എന്നൊക്കെ വിശ്വസിപ്പിച്ച് ആശങ്കപ്പെടുത്തി പണം തട്ടിയ രീതിയിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ അപേക്ഷയുടെ രൂപത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ രംഗപ്രവേശനം.
കഴിഞ്ഞ ദിവസം മുജീബ് റഹ്മാൻ എന്ന് സുന്ദരമായ മലയാളത്തിൽ പറഞ്ഞ് സ്വയം പരിചയപ്പെടുത്തി സർക്കാർ ജീവനക്കാരനെ വിളിക്കുകയായിരുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് താൻ ഗൾഫിലേക്ക് പോയതാണെന്നും ഇപ്പോൾ അവധിക്ക് വന്നതാണെന്നുമായിരുന്നു പറഞ്ഞത്.
ഗൾഫിലേക്ക് പോകുന്നതിന് മുമ്പ് താൻ ഉപയോഗിച്ചിരുന്ന കേരളത്തിലെ മൊബൈൽ ഫോൺ നമ്പറാണ് നിങ്ങൾക്ക് ഫോൺ കമ്പനി നൽകിയിരിക്കുന്നത്. ഗൾഫിൽ പോകുന്നതിന് മുമ്പ് താൻ ഉപയോഗിക്കുമ്പോൾ ഈ നമ്പറിലാണ് ആധാർ, പാൻ എന്നിവ ബന്ധിപ്പിച്ചതെന്നും അത് കാരണം ഇപ്പോൾ പുതിയ കണക്ഷൻ എടുക്കാൻ കഴിയുന്നില്ല. പുതിയ കണക്ഷൻ എടുക്കുന്നതിനായി മൊബൈൽ സർവീസ് ദാതാക്കളുമായി ബന്ധപ്പെട്ടപ്പോൾ പഴയ നമ്പറിൽ നിന്ന് നോ ഒബ്ജക്ഷൻ ലഭിക്കണം എന്നാണ് പറഞ്ഞത്.
ഇതിനായി മൊബൈൽ ദാതാക്കൾക്കായി താങ്കളുടെ അനുമതി വേണ്ടതുണ്ട്. ഈ ആവശ്യത്തിലേക്ക് വേണ്ടി താങ്കളുടെ ഫോണിൽ ഒരു ഒടിപി നമ്പർ വന്നാൽ അയച്ചുതന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നായിരുന്നു കോൾ വന്നത്. സംഭാഷണത്തിൽ സംശയം ഒന്നും തോന്നിയില്ലെങ്കിലും കോൾ ലഭിച്ചയാൾ സിം എടുത്തത് ഡൽഹിയിൽ നിന്നായതിന്നാൽ ചെറിയ ഒരു സംശയം തോന്നി.
ഉടൻ വിളിക്കാമെന്ന് പറഞ്ഞ് ഇയാൾ സൈബർ സെല്ലിൽ അന്വേഷിച്ചപ്പോഴാണ് പുതിയ തട്ടിപ്പാണെന്ന് വ്യക്തമായത്. ഇത് പ്രകാരം ലഭിക്കുന്ന ഒടിപി നമ്പർ കൈമാറിയാൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് വിവരമടക്കം തട്ടിപ്പ് സംഘത്തിന് ലഭിക്കുമെന്നും ബാങ്ക് അക്കൗണ്ട് കാലിയാകും.
കൂടാതെ ഫോൺ ഉടമയുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നും സൈബർ സെൽ അറിയിച്ചു.