നെയ്യാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Tuesday, October 15, 2024 6:33 PM IST
നെയ്യാറ്റിന്‍കര: ഈരാറ്റിന്‍പുറത്ത് നെയ്യാറില്‍ കാണാതായ മൈലച്ചല് കോവില്‍വിള സ്വദേശി വിഷ്ണുവിന്റെ മൃതദേഹം ഇന്ന് രാവിലെ തെരച്ചിലില്‍ കണ്ടെത്തി. ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിന്റെയും സ്കൂബാ ടീമിന്റെയും സംയുക്ത തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
വിഷ്ണു കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്പ്പെട്ടയിടത്തു നിന്നും അല്‍പ്പം അകലെയായി നദിയിലേയ്ക്ക് മറിഞ്ഞുകിടന്ന തെങ്ങില്‍ തട്ടി കിടന്ന നിലയിലായിരുന്നു മൃതദേഹം. പാറകളും പാറക്കെട്ടുകളും ധാരാളമുള്ള ഈരാറ്റിന്‍പുറത്ത് നദിയിലെ ഒഴുക്കിന്റെ ശക്തി കൂടിയുള്ളതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നു. നാട്ടുകാരും തെരച്ചിലിന് ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിനെ സഹായിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു സുഹൃത്തുക്കളുമായാണ് വിഷ്ണു നെയ്യാറ്റിന്‍കര താലൂക്കിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈരാറ്റിന്പുറത്തെത്തിയത്. നെയ്യാറിലിറങ്ങി കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം വൈകുന്നേരവും തിങ്കളാഴ്ച പകലും നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലെ ടീം തെരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമും തിരച്ചില്‍ നടത്തി. ഇന്ന് രാവിലെ തന്നെ ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം, സ്കൂബാ ടീം എന്നിവര്‍ തെരച്ചില്‍ പുനരാരംഭിച്ചിരുന്നു.