എഡിഎമ്മിന്റെ മരണം; ജില്ലാ കളക്ടർ റിപ്പോർട്ട് കൈമാറി
Tuesday, October 15, 2024 6:15 PM IST
കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ മന്ത്രി കെ.രാജന് റിപ്പോർട്ട് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി.
കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കും. നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് ഉടൻ കൈമാറും. പെട്രോൾ പമ്പിന് അനുമതി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.
പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം പോലും മാറാതെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.