ഒടുവിൽ നിലപാട് തിരുത്തി സർക്കാർ; ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് തുടരും
Tuesday, October 15, 2024 11:10 AM IST
തിരുവനന്തപുരം: വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
തിരുപ്പതി ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റ രീതിയിലാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനം നടന്നുവരുന്നത്. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ രജിസ് ട്രേഷന് നടത്താതെയും ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് അറിയാതെയും എത്തുന്ന ഭക്തര്‍ക്കും സുഗമമായ ദര്‍ശനത്തിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വെര്‍ച്ച്വല്‍ ക്യൂ രജിസട്രേഷനിലൂടെ തീര്‍ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. ശബരിമലയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.