ഉരുൾപൊട്ടൽ മേഖലയിലെ സുരക്ഷിത പ്രദേശം അടയാളപ്പെടുത്തൽ; സർവേ നാട്ടുകാർ തടഞ്ഞു
Monday, October 14, 2024 4:54 PM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ -ചൂരൽമല മേഖല സുരക്ഷിത പ്രദേശമാക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ നിന്ന് 30 മുതൽ 50 മീറ്റർ വരെ ദൂരം സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയത്.
തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സർവേയുമായി ചൂരൽ മലയിൽ എത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം പ്രകാരം സങ്കീർണ മേഖലയിലുള്ള നിരവധി വീടുകൾ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുമെന്ന് നാട്ടുകാർ പറഞ്ഞു.
സുരക്ഷിത മേഖലകൾ തിരിക്കാനുള്ള നീക്കത്തെ എതിർത്ത് മേപ്പാടി പഞ്ചായത്തും രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. തീരുമാനം ഉണ്ടാകുന്നതുവരെ സർവേ നിർത്തിവയ്ക്കാൻ കളക്ടർ നിർദേശം നൽകി.
തങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ചൂരൽ മലയിൽ സുരക്ഷിത മേഖലകൾ അടയാളപ്പെടുത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.