പുനരധിവാസം വേഗത്തിലാക്കണം; വയനാട്ടിലെ തിരച്ചില്‍ നടപടികളില്‍ പാളിച്ചയുണ്ടായെന്ന് സതീശന്
Monday, October 14, 2024 3:07 PM IST
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു സതീശന്.
അടിയന്തര സഹായമായി 1000 രൂപയോ വീട്ടുവാടകയോ ചികിത്സയോ ഒന്നും ലഭിക്കാത്ത ആളുകള്‍ ദുരന്തബാധിത മേഖലയിലുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഈ നടപടികള്‍ ഇഴയുകയാണ്. അത് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തങ്ങളെ തടുത്ത് നിര്‍ത്താനാവില്ല. എന്നാല്‍ കൃത്യമായി മുന്നറിയിപ്പ് സംവിധാനമൊരുക്കാന്‍ കഴിയും. അതനുസരിച്ച് ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കുന്നതിലൂടെ ദുരന്തം ഒഴിവാക്കാനാകും.
തിരച്ചില്‍ നടപടികളില്‍ പാളിച്ചകള്‍ ഉണ്ടായെന്നും സതീശന് പറഞ്ഞു. ബാക്കി മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ നടത്തണം.
കേന്ദ്ര സഹായം ഇതുവരെ കിട്ടാത്തത് ഗുരുതരമായ വിഷയമാണ്. ഇതിനായി സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. നിവേദനം നല്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.