പുനരധിവാസത്തില്‍ തുടക്കത്തിലെ ആവേശം കെട്ടുപോകരുത്; അടിയന്തരപ്രമേയത്തിൽ ടി.സിദ്ദിഖ്
Monday, October 14, 2024 12:35 PM IST
തിരുവനന്തപുരം: വയനാട് ചുരൽമല, മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ദുരന്തബാധിതര്‍ പ്രയാസത്തിലാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിക്കപ്പെട്ടിരുന്ന സ്ഥലത്ത് ദുരന്തമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. ഉരുള്‍പൊട്ടല്‍ ഉണ്ടായ ശേഷമാണ് പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് നല്‍കുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടായെന്ന് എംഎൽഎ വിമർശിച്ചു.
ദുരന്തം സംഭവിച്ചിട്ട് 76 ദിവസമായി. പരിക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. പുനരധിവാസത്തില്‍ തുടക്കത്തിലെ ആവേശം കെട്ടുപോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വയനാടിന് വേണ്ട സഹായം കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ദുരന്തബാധിതരുടെ കടബാധ്യത മുഴുവന്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകണം.പുനരധിവാസത്തിന് സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കൃത്യത വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.