ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ
Sunday, October 13, 2024 10:50 PM IST
കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകം. പ്രതിയായ റെയില്‍വേ കരാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ സ്വദേശിയായ ശരവണന് മരിച്ച സംഭവത്തിൽ കണ്ണൂര്‍ സ്വദേശി അനില്‍ കുമാർ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. മംഗളൂരു - കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്.
ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇയാള്‍ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാള്‍ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാർ പിടിയിലായത്.
ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നൽകിയിരുന്നു.
ട്രയിനിന്റെ കമ്പാര്‍ട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരനായ അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്തോടെയാണ് കൊലപാതകം തെളിഞ്ഞത്. കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണൻ.