രഞ്ജി ട്രോഫി: പഞ്ചാബിന് ലീഡ്
Sunday, October 13, 2024 6:44 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി പഞ്ചാബ്. സ്കോർ: പഞ്ചാബ് 194, 23/3 കേരളം 179. ഒന്നാം ഇന്നിംഗ്സിൽ കരുത്തരായ പഞ്ചാബിനെ 194 റൺസിന് ഓൾഔട്ടാക്കിയിട്ടും കേരളത്തിനു മേൽക്കൈ നേടാൻ സാധിച്ചില്ല.
പഞ്ചാബു നേടിയ 194 റൺസിന് മറുപടി പറഞ്ഞ കേരളം 179 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ കേരളം 15 റൺസിന്റെ ഒന്നാം ഇന്നിംഗ് ലീഡ് വഴങ്ങി. എട്ടാം നമ്പറിൽ ഇറങ്ങിയ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനാണ് (38) ടോപ് സ്കോറർ.
മൂന്നാം ദിവസം കളി അവസാനിക്കുന്പോൾ പഞ്ചാബ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ്. ഇതോടെ പഞ്ചാബിന് 38 റൺസ് ലീഡായി. അഭയ് ചൗധരി(12),നമാൻ ധിർ(7),സിദ്ധാർത്ഥ് കൗൾ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ആദ്യ ഇന്നിംഗിസിൽ പഞ്ചാബിനു വേണ്ടി മായങ്ക് മാർക്കണ്ഡെ ആറും ഗുർനൂർ ബ്രാർ മൂന്നും ഇമാൻജോത് സിംഗ് ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ കേരളത്തിനു വേണ്ടി ആദിത്യ സർവാതെയും ജലജ് സക്സേനയും അഞ്ച് വിക്കറ്റ് വീതം നേടിയിരുന്നു.