മാസപ്പടി കേസിൽ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല: എം.വി.ഗോവിന്ദൻ
Sunday, October 13, 2024 4:58 PM IST
കണ്ണൂർ: മാസപ്പടി കേസിൽ പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇത് കമ്പനികള്‍ തമ്മിലുള്ള വിഷയമാണ്. മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമിച്ചതിനെയാണ് എതിർത്തതെന്ന് കണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐഒ കേസ് മാർക്സിസ്റ്റുകാരും ബിജെപിക്കാരും കൂടി ഒതുക്കിയെന്നാണ് മാധ്യമങ്ങളെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. അന്ന് അതേ പ്രചാരണം നടത്തിയവർ ഇതിന്റെ വാർത്തകൾ വീണ്ടും കൊടുക്കുന്നു. കേസ് മുഖ്യമന്ത്രിയിലേക്കെത്തുന്നുവെന്നാണ് ഇപ്പോൾ പറയുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.
വിദ്യാര്‍ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ് മദ്രസകള്‍ മറ്റു സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.