വിമാനത്തിന് സാങ്കേതിക തകരാർ; ട്രിച്ചി വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം
Friday, October 11, 2024 8:02 PM IST
ട്രിച്ചി : തമിഴ്നാട്ടിലെ ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. വൈകുന്നേരം 5.45 ന് ട്രിച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്.
ഹൈട്രോളിക്ക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ധനം തീർക്കുന്നതിന്റെ ഭാഗമായി വിമാനം ട്രിച്ചി എയർപോർട്ടിനു മുകളിൽ വട്ടം ഇട്ടു പറക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തി.
141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ഉടൻ വിമാനം ലാൻഡു ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ 2000 അടി ഉയരത്തിലാണ് വിമാനം. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്ത് എത്തി.