ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്; വിചാരണ നടപടികള്‍ 15ന് ആരംഭിക്കും
സീമ മോഹന്‍ലാല്‍
Friday, October 11, 2024 7:27 PM IST
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 15ന് ആരംഭിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വി.എന്‍. അനില്‍കുമാറിനെയാണ് പ്രോസിക്യൂഷനു വേണ്ടി പുതുതായി നിയമിച്ചിരിക്കുന്നത്.
പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം അതില്‍ നിന്ന് മാറിയിരുന്നു.
അതിനുശേഷമാണ് അടുത്തിടെ വി.എന്‍. അനില്‍കുമാറിനെ നിയമിച്ചത്. എറണാകുളം പനമ്പള്ളി നഗറിലെ മുന്‍ ഇടമലയാര്‍ കോടതിയായ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി (52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിംഗ് (70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണുള്ളത്. മൂന്നാം പ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല (58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്.
കടവന്ത്രയില്‍ താമസിച്ചിരുന്ന തമിഴ്നാട് ധര്‍മപുരി സ്വദേശിനി പത്മയെയും കാലടിയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെയും പത്തനംതിട്ട ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്.
പത്മയെ കാണ്മാനില്ലെന്ന പരാതിയില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പത്മയെ 2022 സെപ്തംബര്‍ 26നും റോസിലിയെ ജൂണ്‍ എട്ടിനുമാണ് കൊലപ്പെടുത്തിയത്. 2022 ഒക്ടോബര്‍ 11-നാണ് മൂന്ന് പ്രതികളും അറസ്റ്റിലായത്.
പണത്തിനുവേണ്ടിയുള്ള കൊലപാതകം
കൊലയുടെ സൂത്രധാരനായ ഷാഫിയുടെ ലക്ഷ്യം പണമായിരുന്നു. ക്രൂരതയിലൂടെ ആനന്ദം കണ്ടെത്തിയിരുന്ന ഇയാള്‍ പരിചയക്കാരിയായ പത്മയെ സിനിമയില്‍ അഭിനയിപ്പിച്ച് കൂടുതല്‍ പണം വാങ്ങിത്തരാമെന്നു പറഞ്ഞ് ഇലന്തൂരില്‍ എത്തിക്കുകയായിരുന്നു. സാമ്പത്തിക ഉന്നതിയും ഐശ്വര്യം ലക്ഷ്യമിട്ട് ഭഗവല്‍സിംഗും ഭാര്യ ലൈലയും നരബലിക്ക് കൂട്ടുനിന്നു.
പത്മയെ കൊന്ന് 56 കഷ്ണമാക്കി ഭഗവല്‍സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
3,000 പേജുള്ള കുറ്റപത്രം
200 സാക്ഷിമൊഴികള്‍, 60 മഹസറുകള്‍, 130 രേഖകളും അടക്കം 3,000 പേജുള്ള കുറ്റപത്രത്തിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച കത്തിയും വാഹനങ്ങളും അടക്കം 50 തൊണ്ടി സാധനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇരയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണ മോതിരം പ്രതികള്‍ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയത് അന്വേഷണ സംഘം തെളിവുസഹിതം കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ആലപ്പുഴ എസി കനാലില്‍ എറിഞ്ഞതും പോലീസ് വീണ്ടെടുത്തിരുന്നു. ഇരകളാരാണെന്നു സ്ഥിരീകരിച്ച ഡിഎന്‍എ പരിശോധനാ ഫലങ്ങളും ഇതില്‍ ഉള്‍പ്പെടും.
പത്മയെ കൊന്നകേസിലെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ജനുവരി ഏഴിനാണ് സമര്‍പ്പിച്ചത്. റോസിലിയെ കൊന്ന കേസിലെ കുറ്റപത്രം ജനുവരി 21ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലും സമര്‍പ്പിച്ചു.
കൊലപാതകത്തിനു പുറമേ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരസ്വഭാവമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.