പി.വി.അൻവറിനെ നായകനാക്കി നാടകം അരങ്ങേറുന്നു: എം.വി.ഗോവിന്ദൻ
Friday, October 11, 2024 5:15 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അൻവറിനെ നായകനാക്കി നാടകം അരങ്ങേറുകയാണ്. കോൺഗ്രസ് പ്രവർത്തകരും ജമാത്തി ഇസ്ളാമി പ്രവർത്തകരുമാണ് അൻവറിനൊപ്പമുള്ളത്.
ആൻവറിന്റെ പാർട്ടി വെറും പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. എഡിജിപി അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ വിവാദം തീർന്നില്ല. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിലടക്കം അന്വേഷണം നടക്കുകയാണ്. ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണ്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ നിയമസഭയിലെ പ്രസംഗത്തിനെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തി. പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് കുഴൽനാടന്റെ ഭാഗത്ത് നിന്നുണ്ടായത്. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി കുഴൽനാടൻ മാറി. കുഴൽനാടൻ ഇനിയും ചരിത്രം പഠിക്കാനുണ്ട്.
എം.കെ.മുനീറിന്റെ സ്വർണക്കടത്ത് ബന്ധം പുറത്തുവന്നിട്ടും അത് നൽകാൻ മാധ്യമങ്ങൾ തയാറായില്ല. മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.