ക്ഷേത്രത്തിലുണ്ടായ അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു
Friday, October 11, 2024 11:57 AM IST
തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.
കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപിടിത്തമുണ്ടായത്.
സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.