ഐഒഎ തർക്കം: കേന്ദ്രസർക്കാരിനെ സമീപിച്ച് പി.ടി. ഉഷ
Friday, October 11, 2024 11:39 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഒളിന്പിക് അസോസിയേഷനിലെ (ഐഒഎ) തർക്കത്തിൽ കേന്ദ്രസർക്കാരിനെ സമീപിച്ച് പി.ടി. ഉഷ. അസോസിയേഷൻ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് ഉഷ കായികമന്ത്രാലയത്തെ അറിയിച്ചു.
തന്റെ അനുമതിയില്ലാതെ ചിലർ അജണ്ട പുറത്തിറക്കിയെന്നും അസോസിയേഷനെ തകർക്കാനുള്ള നീക്കമാണിതെന്നും പി.ടി. ഉഷ കേന്ദ്രത്തെ അറിയിച്ചു.
ഈ മാസം 25നു ചേരുന്ന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ ഉഷയ്ക്കെതിരേ പ്രമേയം കൊണ്ടുവന്ന് പുറത്താക്കാനുള്ള നീക്കമാണു വിമതപക്ഷം നടത്തുന്നത്. ജോയിന്റ് സെക്രട്ടറിയും ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കല്യാണ് ചൗബെയാണ് 25നു നടക്കുന്ന യോഗത്തിൽ അജണ്ട ഒപ്പിട്ട് പുറത്തിറക്കിയത്.
26 അജണ്ടകളിൽ അവസാനമായാണ് ഉഷയ്ക്കെതിരേയുള്ള അവിശ്വാസപ്രമേയം ഉൾപ്പെടുത്തിയിരിക്കുന്നത്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും ഉഷയ്ക്കെതിരാണ്. എന്നാൽ ചൗബെ പുറത്തിറക്കിയ അജണ്ട അംഗീകാരമില്ലാത്തതാണെന്നും തനിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന വാർത്ത വ്യാജമാണെന്നും പി.ടി. ഉഷയുടെ ഓഫീസ് അറിയിച്ചിരുന്നു.
25നു നടക്കുന്ന യോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നിന് പ്രസിഡന്റ് ഒപ്പിട്ട് അംഗങ്ങൾക്കു നൽകിയത് 16 പോയിന്റ് അടങ്ങിയ അജണ്ടയാണെന്ന് ഉഷയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഐഒഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഘുറാം അയ്യരാണെന്നും ഇത് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയും കേന്ദ്രസർക്കാരും അംഗീകരിച്ചതാണെന്നും വാർത്താക്കുറിപ്പിലുണ്ട്.
ജനുവരിയിൽ രഘുറാം അയ്യർ ചുമതലയെടുക്കുന്നതിനു മുന്പായിരുന്നു ചൗബെയ്ക്ക് ആക്ടിംഗ് സിഇഒയുടെ ചുമതലയുണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കം ഐഒഎയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.