തൃശൂര്‍ പൂര വിവാദം; ആർഎസ്എസ് നിയമനടപടിക്ക്
Thursday, October 10, 2024 11:49 PM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു.
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്നും പി.എൻ. ഈശ്വരൻ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കരുതെന്നാണ് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കി.