കെഎസ്ഇബിയിൽ സേവന ലംഘനമോ? കൈയാങ്കളിക്കു പോകണ്ട; നഷ്ടപരിഹാരം കിട്ടും
Thursday, October 10, 2024 8:16 PM IST
കോഴിക്കോട്: സേവനങ്ങളിൽ വീഴ്ച വരുത്തുന്ന പക്ഷം കെഎസ്ഇബി നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ പ്രയോജനപ്പെടുത്താതെ ഉപഭോക്താക്കൾ. സേവന ലംഘനത്തിന് 30 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയാൽ ഉപഭോക്താവിനു നഷ്ടപരിഹാരം നൽകണമെന്നാണ് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച 2015 ലെ സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നത്. പക്ഷെ, കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കെഎസ്ഇബി നഷ്ടപരിഹാരമായി നൽകിയത് 16,500 രൂപ മാത്രം.
തൊടുപുഴ ഇലക്ട്രിക്കൽ സർക്കിളിലെ ഉപ്പുതറ സെക്ഷനിലാണ് ഇത്രയും തുക നൽകിയത്. ഇക്കാലയളവിൽ സംസ്ഥാനത്തെ മറ്റു ഡിവിഷനുകളിലൊന്നും കെഎസ്ഇബിക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടില്ല. സേവന ലംഘനത്തിനു കെഎസ്ഇബി ജീവനക്കാരെ കായികമായി കൈകാര്യം ചെയ്യുന്നതിനു പകരം സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ് 2015 ലെ ഫോറം എ പൂരിപ്പിച്ച് നൽകിയാൽ ഉപഭോക്താവിന്റെ പോക്കറ്റിൽ പണമെത്തും. കൂടാതെ പോലീസ് കേസ് ഒഴിവാക്കുകയും ചെയ്യാം.
ബിൽ അടച്ചിട്ടും ഊരിയ ഫ്യൂസ് പുനഃസ്ഥാപിക്കാൻ വൈകിയാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഓരോ ദിവസത്തിനും 50 രൂപ വീതം കെഎസ്ഇബി ഉപഭോക്താവിനു നൽകണം. കണക്ഷൻ വിച്ഛേദിക്കണമെന്ന ഉപഭോക്താവിന്റെ അപേക്ഷയിൽ നടപടി വൈകിയാലും ഇത്രയും തുക നഷ്ടപരിഹാരം നൽകണം.
വൈദ്യുതി മുടക്കം, വോൾട്ടേജ് വ്യതിയാനം, താൽകാലിക കണക്ഷൻ നൽകൽ, സർവീസ് വയർ മാറ്റി സ്ഥാപിക്കൽ, തകരാറിലായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം, സെക്യൂരിറ്റി തുക തിരിച്ചു നൽകുന്നതിലെ കാലതാമസം തുടങ്ങിയ സേവന ലംഘനങ്ങൾക്കെല്ലാം കെഎസ്ഇബി നഷ്ടപരിഹാരം നൽകണം. പ്രതിദിനം 25 രൂപ മുതൽ 100 രൂപവരെയാണ് വിവിധ ഇനങ്ങളിൽ നൽകേണ്ട നഷ്ടപരിഹാരം.
ഉപഭോക്താവിനു നൽകുന്ന നഷ്ടപരിഹാരം പിന്നീട് ജീവനക്കാരിൽ നിന്ന് കെഎസ്ഇബി ഈടാക്കും. നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന വിവരം പൊതുജന ശ്രദ്ധയ്ക്കായി പ്രദർശിപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെങ്കിലും കണ്ണിൽപിടിക്കാത്ത സ്ഥലങ്ങളിലാണ് മിക്ക ഓഫീസുകളിലും ഇവയുടെ സ്ഥാനം.