തൃശൂർ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് തട്ടിപ്പ്; കണ്ടെത്തിയിട്ടും തടയാനാകുന്നില്ല
Thursday, October 10, 2024 8:09 PM IST
തൃശൂർ: ജില്ല കളക്ടർ അർജുൻ പാണ്ഡ്യന്റെ പേരിലുള്ള ഫേസ്ബുക്ക് തട്ടിപ്പ് തടയാനാകാതെ പോലീസും സൈബർ സെല്ലും. കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വ്യാജനുണ്ടാക്കി പലരിൽനിന്നു തട്ടിപ്പുകാർ പണം തട്ടാൻ ശ്രമിക്കുന്നതായി ഒരാഴ്ച മുന്പുതന്നെ വിവരങ്ങളുണ്ടായിരുന്നു.
അതിരപ്പിള്ളി സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടാൻ ശ്രമമുണ്ടായത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കളക്ടർ നേരിട്ട് പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരുന്നു. എന്നാൽ ഇപ്പോഴും ഈ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പു നടക്കുന്നുണ്ടെന്നാണു വിവരം.
എഫ്ബി മെസഞ്ചറിൽ തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യന്റെ ചിത്രത്തോടുകൂടിയ കളക്ടറുടെ ഒഫീഷ്യൽ എഫ്ബി പേജു തന്നെ എന്ന് തോന്നിപ്പിക്കുന്ന അക്കൗണ്ട് രണ്ടു ദിവസം മുൻപാണ് കണ്ടെത്തിയത്. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള നടപടികൾ സൈബർ സെൽ ഊർജിതമാക്കി.