മുൾട്ടാനിൽ റൺമല തീർത്ത് ഇംഗ്ലണ്ട്; പാക്കിസ്ഥാൻ തോൽവിയിലേക്ക്
Thursday, October 10, 2024 7:14 PM IST
മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ ഇന്നിംഗ്സ് തോൽവിയിലേക്ക്. സ്കോർ: പാക്കിസ്ഥാൻ: 556, 152/6 ഇംഗ്ലണ്ട് 823/7. സന്ദർശകരോട് 267 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാക്കിസ്ഥാന് നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ആറിന് 152 എന്ന നിലയിലാണ്.
ഒരുദിവസം മാത്രം ശേഷിക്കെ പാക്കിസ്ഥാൻ ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 115 റണ്‍സ് പിന്നിലാണ്. രണ്ടാം ഇന്നിംഗ്സിൽ കൂട്ടതകർച്ചയാണ് പാക്കിസ്ഥാൻ നേരിട്ടത്. ആദ്യ പന്തിൽ തന്നെ അബ്ദുള്ള ഷെഫീക്ക് പൂജ്യനായി മടങ്ങി.
പിന്നാലെ സയീം അയൂബ് 29, ഷാൻ മസൂദ് 11, ബാബർ അസം അഞ്ച്, സൗദ് ഷക്കീൽ 29, മുഹമ്മദ് റിസ്വാൻ 10 എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. 41 റൺസുമായി അഗ സല്‍മാനും 27 റൺസുമായി അമേര്‍ ജമാലുമാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗുസ് ആറ്റ്കിന്‍സണും ബ്രൈഡണ്‍ കാര്സെയുമാണ് പാക് നിരയിൽ വൻ നാശം വിതച്ചത്.
പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 556നെതിരെ ഇംഗ്ലണ്ട് ഏഴിന് 823 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (317), ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് (262) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍സ സ്കോറിലേക്ക് നയിച്ചത്.
ബെന്‍ ഡക്കറ്റ് (84), സാക് ക്രൗളി (78) എന്നിവർ മികച്ച പ്രകടനം നടത്തി. പാക്കിസ്ഥാനു വേണ്ടി അയൂബ്, നസീം ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.