ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം; നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി
Thursday, October 10, 2024 3:22 PM IST
തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഐക്യകണ്ഠേന പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുത്സിത നീക്കമാണിതെന്ന് പ്രമേയത്തിൽ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തെരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാർലമെന്റ്, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത്തരം ജനാധിപത്യവിരുദ്ധ ചിന്താഗതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ നിഴലിച്ചുനിൽക്കുന്നത്.
രാജ്യത്തെ തെരഞ്ഞെടുപ്പുകളാകെ ഒരേസമയം നടത്താനുള്ള ശിപാർശ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതും ഭരണഘടനാമൂല്യങ്ങൾക്കെതിരുമാണ്. ആർഎസ്എസ്- ബിജെപി അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമേയത്തിൽ വിമർശനമുണ്ട്.