ന്യൂനമര്‍ദം തീവ്രമാകും; തിങ്കളാഴ്ച വരെ മഴ കനക്കും, എട്ടു ജില്ലകളിൽ മുന്നറിയിപ്പ്
Thursday, October 10, 2024 2:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി വരുംദിവസങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ തിങ്കളാഴ്ച വരെയും, കർണാടക തീരത്ത് ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.