വയനാടിനുള്ള കേന്ദ്രസഹായം: ഉടന്‍ തീരുമാനമെന്ന് ധനമന്ത്രി അറിയിച്ചതായി കെ.വി.തോമസ്
Thursday, October 10, 2024 1:14 PM IST
ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള കേന്ദ്ര സഹായത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു.
നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.വി.തോമസ്. കൂടിക്കാഴ്ച പോസീറ്റീവായിരുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ശേഷം ദുരന്തമുണ്ടായ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചു. എന്നിട്ടും വയനാടിനെ പരിഗണിക്കാത്തത് ശരിയായ സമീപനമല്ല.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തസഹായം സംബന്ധിച്ച കേന്ദ്ര മാനദണ്ഡങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. അതാകാം സഹായം വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.