ഇരട്ടശതകം പിന്നിട്ട് റൂട്ടും ബ്രൂക്കും; ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്കോര്‍, ലീഡ് നൂറുകടന്നു
Thursday, October 10, 2024 1:12 PM IST
മുള്‍ട്ടാന്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് നാലാംദിനം ഉച്ചഭക്ഷത്തിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെന്ന ശക്തമായ നിലയിലാണ്. നിലവിൽ ഇംഗ്ലണ്ടിന് 102 റണ്‍സ് ലീഡുണ്ട്.
ഇരട്ടസെഞ്ചുറികളുമായി പുറത്താകാതെ നില്ക്കുന്ന ജോ റൂട്ടും (259) ഹാരി ബ്രൂക്കുമാണ് (218) ഇംഗ്ല ണ്ടിന് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 409 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി.
മൂന്നിന് 492 റണ്‍സ് എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി റൂട്ടും ബ്രൂക്കും അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. ആദ്യം റൂട്ടാണ് ഇരട്ടശതകം പിന്നിട്ടത്. 368 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് റൂട്ടിന്റെ ഇന്നിംഗ്സ്. അതേസമയം, 257 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെയാണ് ബ്രൂക്ക് ഇരട്ടശതകത്തിലെത്തിയത്.
പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന്റെ ഉയർന്ന കൂട്ടുകെട്ടു കൂടിയാണിത്. 2020ൽ സതാംപ്ടണിൽ ജോസ് ബട്ലർ – സാക് ക്രോളി സഖ്യം പടുത്തുയർത്തിയ 359 റൺസ് കൂട്ടുകെട്ടാണ് ഇരുവരും മറികടന്നത്. ടെസ്റ്റിൽ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തിൽ രണ്ട് ഇംഗ്ലീഷ് താരങ്ങൾ ഇരട്ടശതകം നേടുന്നത്. 1985ൽ ഇന്ത്യയ്ക്കെതിരേ ചെന്നൈയിൽ മൈക്ക് ഗാറ്റിംഗ് (207), ഗ്രെയിം ഫ്ലവർ (201) എന്നിവരാണ് ഇതിനു മുൻപ് ഇരട്ടശതകം നേടിയത്.