ഒളിമ്പിക് അസോസിയേഷനില്‍നിന്ന് പി.ടി.ഉഷയെ പുറത്താക്കാന്‍ നീക്കം; അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കും
Thursday, October 10, 2024 10:30 AM IST
ന്യൂഡൽഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാന്‍ നീക്കം. ഈ മാസം 25ന് ചേരുന്ന യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിച്ചേക്കും.
ഐഒഎയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പി.ടി.ഉഷയുമായി കടുത്ത ഭിന്നതയിലാണ്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേർ ഉഷയ്ക്ക് എതിരാണ്.
എന്നാല്‍, ഇത്തരത്തില്‍ ഒരു അവിശ്വാസപ്രമേയം യോഗത്തില്‍ കൊണ്ടുവരാന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കഴിയില്ലെന്നാണ് പി.ടി.ഉഷ അനുകൂല വൃത്തങ്ങൾ പറയുന്നത്. അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമെ അവിശ്വാസപ്രമേയം പരിഗണിക്കാനാവൂ എന്നാണ് ഇവരുടെ വാദം.
ഒളിമ്പിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ ഉഷയ്ക്കെതിരെ ഉയർന്നിരുന്നു.