ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ഇതൊക്കെ നടപ്പാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാനാകുമോ എന്ന് മന്ത്രി ഗണേഷ്
Wednesday, October 9, 2024 5:26 PM IST
തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല. നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും ഫൈൻ ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
നിയമത്തിലുള്ള കാര്യങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേ ഉള്ളു. ബലംപ്രയോഗിച്ച് ഇക്കാര്യം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊക്കെ നടപ്പിലാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
ഒന്ന് മുതൽ നാല് വയസുവരേയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻ സീറ്റിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. 14 വരേ പ്രായമുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേക മാതൃകയിലുള്ളസീറ്റുമായിരിക്കും ഇനിമുതൽ. നിയമം പാലിക്കാത്തവരിൽനിന്ന് ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങും എന്നുമായിരുന്നു വിവരം.
ഇരുചക്ര വാഹനങ്ങളിലെ യാത്രകൾക്ക് നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളെ രക്ഷിതാക്കളുമായി ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിക്കുന്നത് അപകടങ്ങൾ ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.