മുൾട്ടാനിൽ ചരിത്രം കുറിച്ച് റൂട്ട്; ഇംഗ്ലണ്ടിന്റെ റൺവേട്ടക്കാരിൽ ഒന്നാമൻ, പിന്തള്ളിയത് കുക്കിനെ
Wednesday, October 9, 2024 2:17 PM IST
മുൾട്ടാൻ: പാക്കിസ്ഥാനെതിരായ മുൾട്ടാൻ ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് താരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട് മാറി. മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ റിക്കാര്‍ഡാണ് 33കാരനായ റൂട്ട് മറികടന്നത്.
12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍, തന്റെ 147-ാം ടെസ്റ്റ് കളിക്കുമ്പോഴാണ് റൂട്ട് 12,473 റൺസ് എന്ന റിക്കാര്ഡിലെത്തിയത്. ഇംഗ്ലണ്ടിനായി 161 ടെസ്റ്റുകളില്‍ നിന്ന് 12,472 റണ്‍സാണ് കുക്ക് നേടിയിരുന്നത്. മുള്‍ട്ടാനില്‍ 71 റണ്‍സിലെത്തിയപ്പോഴാണ് കുക്കിന്റെ നേട്ടം താരം മറികടന്നത്. ഗ്രഹാം ഗൂച്ച് (8900), അലക് സ്റ്റുവര്‍ട്ട് (8463) എന്നിവരാണ് ഇരുവരുടെയും പിന്നിലുള്ളത്.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ റൂട്ട് അഞ്ചാം സ്ഥാനത്തേക്കും മുന്നേറി. 200 മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സുമായി ഇന്ത്യൻ ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. ഓസീസ് താരം റിക്കി പോണ്ടിംഗ് (13378), ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് (13289), രാഹുല്‍ ദ്രാവിഡ് (13288) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.
നേരത്തെ, മുൾട്ടാൻ ടെസ്റ്റിൽ 27 റൺസ് തികച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായിരുന്നു റൂട്ട്. ഇപ്പോള്‍ ആകെ 5052 റണ്‍സുണ്ട്. 3904 റണ്‍സുമായി ഓസ്ട്രേലിയയുടെ മാര്‍നസ് ലബുഷെയ്നാണ് രണ്ടാമത്. 3484 റണ്‍സുള്ള സ്റ്റീവ് സ്മിത്ത് ആണ് മൂന്നാമത്.
ഇതിനിടെ, റൂട്ടിന്റെ മികവിൽ മുൾട്ടാൻ ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുകയാണ്. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 556 റൺസിനു മറുപടിയായി ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 286 റൺസെന്ന നിലയിലാണ്.
86 റൺസുമായി ജോ റൂട്ടും 32 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ. 84 റൺസെടുത്ത ബെൻ ഡക്കറ്റ്, 78 റൺസെടുത്ത സാക് ക്രോളി എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. പാക്കിസ്ഥാനു വേണ്ടി ഷഹീൻഷാ അഫ്രീദി, നസീം ഷാ, ആമിർ ജമാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.