ഹരിയാന തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
Wednesday, October 9, 2024 4:29 AM IST
ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അപ്ഡേറ്റ് ചെയ്യുന്നതിലെ മെല്ലെപ്പോക്ക് സംബന്ധിച്ച കോൺഗ്രസിന്റെ പരാതിയിലും തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലും കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോൺഗ്രസ് എല്ലാ സ്ഥാപനങ്ങളെയും കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹരിയാന തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് ശേഷം ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു.
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെയായാലും പോലീസിനെയായാലും ജുഡീഷ്യറിയെയായാലും എല്ലാത്തിനെയും കളങ്കപ്പെടുത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് അവർ സൃഷ്ടിച്ച കോലാഹലങ്ങൾ നിങ്ങൾ ഓർക്കും. തെരഞ്ഞെടുപ്പ് സമയത്ത് ഈ ആളുകളും അവരുടെ അർബൻ നക്സലൈറ്റ് സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താൻ സുപ്രീംകോടതിയിൽ പോയിരുന്നു. ഇന്നും അവർ അതുതന്നെ ചെയ്തു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
നമ്മുടെ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാനാണ് കോൺഗ്രസ് എപ്പോഴും ശ്രമിക്കുന്നത്. അതിന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് കോൺഗ്രസിന്റെ ശീലം. ലജ്ജയില്ലാതെയാണ് കോൺഗ്രസ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.