സംസ്ഥാനത്തെ കാര്യങ്ങളിൽ ആനി രാജ അനാവശ്യ ഇടപെടൽ നടത്തുന്നു; ബിനോയ് വിശ്വം ഡി. രാജയ്ക്ക് കത്തയച്ചു
Tuesday, October 8, 2024 9:39 PM IST
തിരുവനന്തപുരം: ആനി രാജയ്ക്കെതിരേ സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജ സംസ്ഥാനത്തെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തയച്ചു. ആനി രാജയെ നിയന്ത്രിക്കണം എന്ന് ബിനോയ് വിശ്വം അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ പല വിഷയങ്ങളിലും ആനി രാജ ശക്തമായ നിലപാട് അറിയിക്കാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് എം. മുകേഷ് എംഎൽഎയുടെ വിഷയത്തിൽ അടക്കം ആനി രാജ ഉന്നയിച്ചത്.
മുൻപും ആനി രാജയുടെ പ്രതികരണങ്ങൾക്കെതിരേ സിപിഐ സംസ്ഥാന നേതൃത്വം വിമർശനമുന്നയിച്ചിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങൾ അതിരു കടന്നെന്ന വിലയിരുത്തൽ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയര്‍ന്നിരുന്നു.