ഹരിയാനയിലെ ഫലം അട്ടിമറിച്ചു; തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്
Tuesday, October 8, 2024 5:53 PM IST
ഛണ്ഡീഗഡ്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
വോട്ടിംഗ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയങ്ങളുന്നയിച്ചു. ഹരിയാനയിലെ ശരിയായ ജനവിധിയല്ല ഇതെന്നും നേതാക്കൾ വ്യക്തമാക്കി.
ജയ്റാം രമേശും പവൻ ഖേരയും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന്റെ കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. എന്നാൽ ആദ്യ മണിക്കൂറുകൾക്ക് ശേഷം ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. ജാട്ട് മേഖലകളിലടക്കം കടന്നുകയറി കോൺഗ്രസിന്റ ലീഡ് ബിജെപി കുത്തനെ ഇടിക്കുകയായിരുന്നു.