സെഞ്ചുറികൾ തുണയായി; ഇംഗ്ലണ്ടിനെതിരേ പാക്കിസ്ഥാന് മികച്ച സ്കോറിലേക്ക്
Tuesday, October 8, 2024 2:42 PM IST
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന പാക്കിസ്ഥാന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 468 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), അബ്ദുള്ള ഷഫീഖ് (102) എന്നിവരുടെ സെഞ്ചുറികളും സൗദ് ഷക്കീലിന്റെ (82) അർധസെഞ്ചുറിയുമാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
നാലിന് 328 റൺസ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയർക്ക് പ്രതിരോധത്തിലൂന്നി ക്രീസിൽ ഉറച്ചുനിന്നിരുന്ന നസീം ഷായുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 81 പന്തിൽ 33 റൺസെടുത്ത ഷായെ ബ്രൈഡൻ കാഴ്സിന്റെ പന്തിൽ ഹാരി ബ്രൂക്ക് പിടിച്ചു പുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ മുഹമ്മദ് റിസ്വാൻ അക്കൗണ്ട് പോലും തുറക്കാനാകാതെ മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച സൗദ് ഷക്കീലും ആഘ സൽമാനും ചേർന്ന് മെല്ലെ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 450 റൺസിൽ നില്‍ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഷക്കീലിനെ പുറത്താക്കി ഷോയിബ് ബഷീർ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ ക്രീസിലെത്തിയ ആമിർ ജമാലിനെ (ഏഴ്) വിക്കറ്റിനു മുന്നിൽ കുടുക്കി കാഴ്സ് വീണ്ടും പ്രഹരമേല്പിച്ചു. ഇതോടെ എട്ടിനു 468 റൺസെന്ന നിലയിലായി. 42 റൺസെടുത്ത ആഘ സൽമാനും മൂന്നു റൺസുമായി ഷഹീൻഷാ അഫ്രീദിയുമാണ് ക്രീസിൽ.
ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്സന്, ബ്രൈഡൻ കഴ്സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റു വീതം
വീഴ്ത്തി. ക്രിസ് വോക്സ്, ഷോയിബ് ബഷീർ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.