ഹരിയാനയിലെ വിജയം; നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും
Tuesday, October 8, 2024 1:25 PM IST
ന്യൂഡൽഹി: ഹരിയാനയിലെ ഹാട്രിക്ക് ജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴിന് ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തി വിജയാഘോഷത്തിൽ പങ്കെടുക്കും.
90 അംഗ നിയമസഭയിൽ ബിജെപി 51 സീറ്റിലും കോൺഗ്രസ് 34 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ബഹുദൂരം മുന്നിലായിരുന്ന കോൺഗ്രസ് പിന്നീട് ചീട്ടു കൊട്ടാരം പോലെ തകരുകയായിരുന്നു.
കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി മുന്നേറ്റം തുടരുന്നതിനിടെ ജനറൽ സെക്രട്ടറിമാരുടെ അടിയന്തരയോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിളിച്ചു. പാർട്ടി ആസ്ഥാനത്തു ചേരുന്ന യോഗത്തിൽ സർക്കാരിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യും.