ജനവിധി അംഗീകരിക്കുന്നു ; തോൽവി സമ്മതിച്ച് ഇൽത്തിജ മുഫ്തി
Tuesday, October 8, 2024 12:16 PM IST
ന്യൂഡൽഹി: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ തോൽവി സമ്മതിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർഥിയുമായ ഇൽത്തിജ മുഫ്തി. ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇൽത്തിജ മുഫ്തി പിന്നിലാണ്.
ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇൽത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലാണ് തോൽവി അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ബിജ്ബിഹേര മണ്ഡലത്തിലാണ് ഇൽത്തിജ മുഫ്തി മത്സരിച്ചത്. നാഷണൽ കോൺഫറൻസിന്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
ജനവിധി അംഗീകരിക്കുന്നു. ബിജ്ബിഹേരയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങൾക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നുവെന്നും ഇൽത്തിജ പറഞ്ഞു.