"കൈവിട്ട്'ഹരിയാന; ബിജെപിക്ക് ഹാട്രിക്
Tuesday, October 8, 2024 11:59 AM IST
ന്യൂഡൽഹി: ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി കേവല ഭൂരിപക്ഷവും മറികടന്ന് മുന്നേറുകയാണ്.
നിലവിൽ ബിജെപി 49 സീറ്റിലും കോൺഗ്രസ് 35 സീറ്റിലും മറ്റുള്ളവർ ആറു സീറ്റിലും മുന്നേറുകയാണ്. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
വൈകുന്നേരം പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ വിളിച്ചുചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് പിന്നീട് കുത്തനെ താഴുകയായിരുന്നു.
വിമതശല്യവും ജെജെപിയുടെ കൊഴിഞ്ഞുപോക്കും ജാട്ടുകളുടെ എതിർപ്പും കര്‍ഷക സമരവും അഗ്നിവീർ പദ്ധതിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സൂചന പുറത്തുവന്നതോടെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നു. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന്റെ പ്രതീകൾ ഉയർന്നിരുന്നു.
എന്നാൽ കാര്യങ്ങൾ പിന്നീട് തല കീഴായി മറിയുകയായിരുന്നു. കോൺഗ്രസ് നേതാക്കളുടെ പടലപിണക്കങ്ങളും ഗ്രൂപ്പ് പോരും ബിജെപിയെ തുണച്ചെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അപ്രതീക്ഷിത തിരിച്ചടിയുടെ ഫലങ്ങൾ വന്നതോടെ കോൺഗ്രസ് ആസ്ഥാനത്തെ ആഘോഷങ്ങളെല്ലാം പ്രവർത്തകർ നിർത്തി. രാവിലെ മുതൽ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ലീഡു ചെയ്യുകയാണ്. ജുലാന മണ്ഡലത്തിൽ പിന്നിലായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് മികച്ച ലീഡു നേടി മുന്നേറുകയാണ്.