മൂന്നാം ഏകദിനം : ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്
Tuesday, October 8, 2024 1:51 AM IST
അബുദാബി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് ജയം. 69 റൺസിനാണ് അയർലൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. മൂന്നാം മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ദക്ഷിണാഫ്രിക്ക പരന്പര സ്വന്തമാക്കി.
അബുദാബിയിൽ നടന്ന മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 215 റൺസ് നേടാനെ സാധിച്ചുള്ളു. 46.1 ഓവറിൽ ദക്ഷിണാഫ്രിക്ക ഓൾഔട്ടായി.
ദക്ഷിണാഫ്രിക്കൻ നിരയിൽ 91 റൺസെടുത്ത ജേസൺ സ്മിത്തിന് മാത്രമാണ് തിളങ്ങാനായത്. മുൻനിര ബാറ്റർമാർക്ക് ആർക്കും താളം കണ്ടെത്താനായില്ല. കൈൽ വെരെയ്ന്‍ 38 റൺസുമായി പിടിച്ചുനിന്നു.
അയർലൻഡിനായി ഗ്രഹാം ഹ്യൂമും ക്രെയ്ജ് യംഗും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡെയ്ർ രണ്ട് വിക്കറ്റും ഫിയോൺ ഹാൻഡും മാത്യു ഹംപ്രെയ്സും ഓരോ വിക്കറ്റ് വീതയും നേടി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 284 റൺസെടുത്തത്. നായകൻ പോൾ സ്റ്റിർലിംഗും ഹാരി ടെക്റ്ററും അർദ്ധ സെഞ്ചുറി നേടി. സ്റ്റിർലിംഗ് 88 റൺസും ടെക്റ്റർ 60 റൺസും സ്കോർ ചെയ്തു. 45 റൺസെടുത്ത ഓപ്പണർ ബാൽബിർണിയും മികച്ച പ്രകടനമാണ് നടത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് നാല് വിക്കറ്റ് വീഴ്ത്തി. ബാർട്ട്മാനും ഫെലുക്വായോയും രണ്ട് വിക്കറ്റ് വീതവും നേടി. പോൾ സ്റ്റിർലിംഗ് ആണ് കളിയിലെ താരം.