വഡോദരയിൽ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവം : മൂന്ന് പേർ അറസ്റ്റിൽ
Tuesday, October 8, 2024 12:21 AM IST
വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ നിർമാണ തൊഴിലാളികളാണ് അറസ്റ്റിലായത്. മൂന്ന വൻസാര (27), മുംതാജ് വൻസാര, ഷാരൂഖ് വൻസാര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന കൗമാരക്കാരിയെ ബൈക്ക് തടഞ്ഞ് നിർത്തി മൂവർ സംഘം ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. അതിന് ശേഷം ഒളിവിൽ പോയ സംഘത്തിനെ രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. മൂന്ന വൻസാരയെയാണ് ആദ്യം പിടികൂടിയത്. പീന്നീട് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടു പേരെ കണ്ടെത്തിയത്.