ലഹരിക്കേസ്: ഹോട്ടലിൽ എന്തു നടന്നു; റിമാൻഡ് റിപ്പോർട്ടിലുള്ള എല്ലാവരേയും ചോദ്യം ചെയ്യും
Monday, October 7, 2024 6:48 PM IST
കൊച്ചി: ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾ ഉൾപ്പടെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദർശൻ. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരേയും ചോദ്യം ചെയ്യുമെന്നും ഡിസിപി പറഞ്ഞു.
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ് ഞായാഴ്ച മരടിലെ ഹോട്ടലിൽനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ ഇരുപതോളം പേർ ഇവരെ ഹോട്ടലിൽ സന്ദർശിച്ചതായാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഓം പ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. ഹോട്ടലിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഡിജെ പാർട്ടിയിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. തലസ്ഥാനത്ത് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശ് കൊച്ചിയിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.