സ്പീക്കറുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സഭയിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ്
Monday, October 7, 2024 11:33 AM IST
തിരുവനന്തപുരം: സ്പീക്കറുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് ഇന്ന് നിയമസഭയിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനാധിപത്യമായ ആവശ്യമാണ് ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു.
രാജ്യതാത്പര്യത്തെയും സംസ്ഥാന താത്പര്യത്തെയും ബാധിക്കുന്ന 49 ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളായി കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസുകൾ ഗൂഢാലോചന നടത്തി ആ ചോദ്യങ്ങളിലെ നക്ഷത്രചിഹ്നങ്ങൾ ഒഴിവാക്കി. സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമാണ് ഇതിനു പിന്നിൽ. നിയമസഭയിലെ തങ്ങളുടെ പച്ചയായ അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. അതാണ് സഭയിൽ ചോദ്യം ചെയ്തതെന്നും സതീശൻ പറഞ്ഞു.
എന്നാൽ സ്പീക്കർ സഭയിൽ പ്രതിപക്ഷ നേതാവ് എന്ന പരിഗണന നൽകാതെ അനാദരവോടെ സംസാരിച്ചു. ഒരു സ്പീക്കറും ആ കസേരയിൽ ഇരുന്ന ഇങ്ങനെ സംസാരിച്ചിട്ടില്ലെന്ന് താൻ പറഞ്ഞു. താൻ പറഞ്ഞത് സഭ രേഖകളിൽനിന്നു നീക്കം ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ മോശം പരാമർശങ്ങൾ നീക്കം ചെയ്തില്ല. താനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ ചർച്ചയിൽ തന്റെ ഭാഗം മാത്രം സഭടിവിയിൽനിന്നു നീക്കം ചെയ്തു.
മലപ്പുറം ജില്ല സ്വർണക്കള്ളകടത്ത് നടക്കുന്ന സ്ഥലമാണെന്നും ആ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പറയാതെ ഡൽഹിയിൽ പോയി ഇക്കാര്യം പ്രചരിപ്പിച്ചു. അങ്ങനെ കള്ളപ്പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പോലീസ് ഒരാളെയെങ്കിലും അറസ്റ്റു ചെയ്തോ എന്നും സതീശൻ ചോദിച്ചു. അപ്പോൾ ഇത് പോളിറ്റിക്കൽ അജണ്ടയാണ്. സംഘപരിവാർ അജണ്ടയാണ്. ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കള്ളക്കടത്തും ഹവാലയും തെറ്റാണ്. അത് ഒരു സമൂഹം മാത്രമാണ് നടത്തുന്നതെന്ന് വരുത്തിതീർത്ത് മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ പിണറായി വിജയനും കൂട്ടരും ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു. അതിനാണ് പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയത്. അതിനെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.