മലപ്പുറം പരാമർശത്തിൽ അടിയന്തരപ്രമേയം; ചർച്ച ഉച്ചയ്ക്ക് 12ന്
Monday, October 7, 2024 10:45 AM IST
തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം. ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭ അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. മലപ്പുറം വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യമാണെന്ന് മുഖ്യമന്ത്രിയും ആവശ്യമുന്നയിച്ചതോടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.
രാവിലെ നിയമസഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സർക്കാരിന്റെയും നടപടിക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം ഉന്നയിച്ചത്.
മന്ത്രിമാർ ചോദ്യത്തിന് ഉത്തരം നൽകാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെങ്കിൽ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുൻകാല റൂളിങ്ങുകൾ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള വിവേചനവും ചെയർ കാണിച്ചിട്ടില്ലെന്ന് സ്പീക്കർ അറിയിച്ചു.
എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. സർക്കാരിന്റെ കൊള്ളരുതായ്മകൾക്ക് സ്പീക്കർ കൂട്ടുനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പിന്നീട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്ക്പോരിനാണ് സഭ സാക്ഷ്യം വഹിച്ചത്.