ഡൽഹി കലാപം: ഉമർ ഖാലിദിന്റെയടക്കം ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും
Monday, October 7, 2024 10:18 AM IST
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥിയും ആക്ടിവിസ്റ്റുമായിരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.
കൂടാതെ വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് സ്ഥാപകൻ ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷയും ജസ്റ്റീസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചിന് മുന്പാകെ പുതിയ വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തേ ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റീസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി പോലീസിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഉമറിന്റെ സ്ഥിരജാമ്യത്തിനായുള്ള ഹർജി വിചാരണക്കോടതി രണ്ടു തവണ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലെത്തിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതി 11 തവണയാണ് ഉമറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചത്.
ഷർജിൽ ഇമാമിന്റെ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏഴ് വ്യത്യസ്ത ബെഞ്ചുകൾക്കു മുന്പിൽ വാദം കേൾക്കാൻ 60ലധികം തവണ ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി തള്ളിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടത്തിയ പ്രക്ഷോഭം കലാപത്തിൽ കലാശിച്ചെന്നും ഇതിന് ഗൂഢാലോചന നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരേ ഉന്നയിച്ചിരിക്കുന്നത്.