നടപടി പേരിനുമാത്രം: ക്രമസമാധാന ചുമതലയിൽനിന്ന് അജിത് കുമാർ തെറിച്ചു
Sunday, October 6, 2024 9:07 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിയുമായി സർക്കാർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ ബറ്റാലിയന്റെ ചുമതലയിൽ അദ്ദേഹം തുടരും. ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. ഞായറാഴ്ച രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.
എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ വിശദീകരണവും ഡിജിപി തള്ളിയിരുന്നു.
പി.വി.അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പോലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.