വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയ്ക്ക് ടോസ്, പാക്കിസ്ഥാന് ബാറ്റിംഗ്
Sunday, October 6, 2024 3:44 PM IST
ദുബായി: വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് 58 റണ്‍സിന്റെ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നു ജയം അനിവാര്യമാണ്. അതേസമയം, ശ്രീലങ്കയ്ക്കെതിരായ ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ 31 റണ്‍സിനു ജയിച്ചു.
നിലവിൽ ഗ്രൂപ്പ് എ പോയിന്റ് ടേബിളിൽ ഇന്ത്യ ഏറ്റവും പിന്നിലാണ്. ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ ടീമുകൾ രണ്ടു പോയിന്റു വീതവുമായി ആദ്യ മൂന്നു സ്ഥാനങ്ങളിലുണ്ട്. ഇന്നു ജയിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യൻ വനിതകൾക്കു സാധിക്കാതെവരും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇതുവരെ 15 ട്വന്റി-20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 12 എണ്ണത്തിൽ ഇന്ത്യ ജയം സ്വന്തമാക്കി, പാക്കിസ്ഥാൻ മൂന്നു മത്സരങ്ങളിലും.
2024 ഏഷ്യ കപ്പിലായിരുന്നു ഇരു ടീമും ഏറ്റവും അവസാനമായി മുഖാമുഖമിറങ്ങിയത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു. 2022 ഏഷ്യ കപ്പിലാണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്.
വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഏഴു തവണ ഏറ്റുമുട്ടി. അതിൽ 5-2ന് ഇന്ത്യക്കാണു വിജയ മുൻതൂക്കം.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ഥാന, ഷെഫാലി വർമ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, സജീവൻ സജന, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ആശ ശോഭന, രേണുക സിംഗ്.
പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുനീബ അലി, ഗുൽ ഫെറോസ, സിദ്ര അമീൻ, ഒമൈമ സൊഹൈൽ, നിദാ ധാർ, തുബ ഹസൻ, ഫാത്തിമ സന, ആലിയ റിയാസ്, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ, സയിദ അരൂബ് ഷാ.