സിദ്ദിഖിന് നോട്ടീസ് നൽകി; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Saturday, October 5, 2024 8:00 PM IST
തിരുവനന്തപുരം : നടിയുടെ പീഡന പരാതിയിൽ സിദ്ദിഖിന് അന്വേഷണ സംഘം നോട്ടീസ് നൽകി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അറിയിച്ച് സിദ്ദിഖ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കത്ത് നൽകിയിരുന്നു. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് നടൻ കത്ത് നൽകിയത്.
സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സിനിമാ ചർച്ചയ്ക്കായി തിരുവനന്തപുരത്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.