സോഫ്റ്റ് വെയര്‍ തകരാർ; ഇന്‍ഡിഗോ വിമാനസർവീസ് രാജ്യവ്യാപകമായി തടസപ്പെട്ടു
Saturday, October 5, 2024 5:57 PM IST
കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ജനത്തിരക്കനുഭവപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സോഫ്റ്റ് വെയര്‍ താത്കാലികമായി തടസപ്പെട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അതേസമയം തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
തടസം താത്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ തിരികെയെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് അധികൃതർ ഖേദം പ്രകടിപ്പിച്ചു.