സിദ്ധാർഥന്റെ മരണം; ഹോസ്റ്റൽ മുറിയിൽ നിന്ന് സാധനങ്ങൾ കാണാതായെന്ന് പരാതി
Saturday, October 5, 2024 4:50 PM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ മരിച്ച സിദ്ധാർഥന്റെ മുറിയിൽ നിന്ന് സാധനങ്ങൾ കാണാതായെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്.
ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കോളജ് അധികൃതർക്കും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി.
കേസ് അന്വേഷിച്ച പോലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ടുദിവസം തുടർച്ചയായി സഹപാഠികളടക്കമുള്ള വിദ്യാർഥികൾ മർദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർഥൻ ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.