എഡിജിപി വിഷയത്തിലെ പരസ്യപ്രസ്താവന: സിപിഐയിൽ ഭിന്നത
Saturday, October 5, 2024 3:57 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്ന വിഷയത്തിൽ പരസ്യ പ്രസ്താവനയെ ചൊല്ലി സിപിഐയിൽ ഭിന്നത. വെള്ളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന എക്സീക്യൂട്ടീവിലാണ് ഭിന്നത പ്രകടമായത്.
സംസ്ഥാന സെക്രട്ടറിക്ക് പുറമെ മറ്റു വക്താക്കൾ ആരും വേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. സിപിഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെരെയാണ് ബിനോയ് വിശ്വം വിമർശനം ഉന്നയിച്ചത്. സിപിഐ മുഖപത്രത്തിൽ പ്രകാശ് ബാബു എഴുതിയ ലേഖനവും മാധ്യമങ്ങളോട് പരസ്യ പ്രസ്താവന നടത്തിയതുമാണ് സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.
സിപിഐ മുഖപത്രത്തിലെ ലേഖനം ബിനോയ് വിശ്വത്തിന്റെ അനുവാദം വാങ്ങിയ ശേഷം ആയിരുന്നുവെന്ന് പ്രകാശ് ബാബുവും യോഗത്തിൽ മറുപടി പറഞ്ഞിരുന്നു. ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്ന പോലീസുകാർ ജനഹിതത്തിനെതിരായി പ്രവർത്തിച്ചാൽ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമായിരുന്നു പ്രകാശ് ബാബുവിന്റെ ലേഖനത്തിലെ പരാമർശം.
നേരത്തെ ലൈംഗിക ആരോപണ കേസിൽ മുകേഷിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്തെത്തിയിരുന്നു. അന്ന് ആനിയുടെ പ്രസ്താവനയ്ക്കെതിരേയും ബിനോയ് വശ്വം രംഗത്തെത്തിയിരുന്നു.