ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്
Saturday, October 5, 2024 12:06 PM IST
കൊച്ചി: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. താൻ കൊച്ചിയിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാൻ തയാറാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് അന്വേഷണ സംഘത്തിനു കത്ത് നൽകി.
അതേസമയം സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നില്ല.
സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. അതിനാൽ അറസ്റ്റു ചെയ്യാൻ ഉദേശിക്കുന്നില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കത്ത് നൽകിയത്.
ഓക്ടോബർ 22ന് മുൻകൂർ ജാമ്യം തേടിയുള്ള സിദ്ദിഖിന്റെ ഹർജി സുപ്രീംകോടതിയിൽ വരുന്പോൾ നടനെ തങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാൻ സാധ്യതയുണ്ടായിരുന്നു. ഇതിനു തടയണയിട്ടാണ് സിദ്ദിഖിന്റെ പുതിയ നീക്കം.
സിദ്ദിഖിന്റെ കത്ത് ലഭിച്ചതോടെ അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. അടുത്തയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് സാധ്യത. എസ്ഐടി ചോദ്യം ചെയ്തശേഷം സിദ്ദിഖിനെ വിട്ടയച്ചേക്കും.
അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദിഖിനെ വിട്ടയക്കേണ്ടിവരും. ഇതോടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ഇല്ലാതാകും. അറസ്റ്റ് ചെയ്താൽ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എത്ര തവണ വേണമെങ്കിലും അന്വേഷണ സംഘത്തിനു സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാകും. സിദ്ദിഖ് കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുക.