എം.ടിയുടെ വീട്ടില്‍ മോഷണം; 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടു
Saturday, October 5, 2024 8:16 AM IST
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയതായി പരാതി. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. സെപ്റ്റംബര്‍ 22 നും 30നും ഇടയിലാണ് സംഭവം.
കഴിഞ്ഞദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വില വരുന്ന 26 പവന് സ്വര്‍ണം മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു.
മൂന്ന് മാലകള്‍, ഒരു പവന് തൂക്കം വരുന്ന വള, രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മല്‍, രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടതായാണ് പരാതി.
അലമാരയ്ക്ക് സമീപത്ത് സൂക്ഷിച്ച താക്കോല്‍ എടുത്ത് അലമാര തുറന്നായിരുന്നു മോഷണമെന്നാണ് വിവരം. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.